ഹാർബർ 

രാമചന്ദ്രൻ വെട്ടിക്കാട്

നല്ല മീൻ‌ചൂര്
ഉപ്പ് കാറ്റ്
കായലിൽ കടലോളം 
പരന്ന് കിടക്കുന്ന ചെളിവെള്ളം
കടലിലേക്ക് കായലിനൊപ്പം 
പോകാൻ തയ്യാറെടുക്കുന്ന
ഭക്ത വിലാസം, 
മേരിമാത ബോട്ടുകൾ
കരതേടുന്ന അൽ അമീൻ

ഇവിടെ തുപ്പരുത്
പുക വലിക്കരുത് എന്ന
മുന്നറിയിപ്പ് തൂണുകൾക്കരികെ
അടുക്കിവെച്ച പല നിറങ്ങൾ
ഇനീഷ്യലെഴുതിയ 
മീൻ പെട്ടികൾ. 

നീലയും മഞ്ഞയും 
ചുവപ്പും നിറമുള്ള
വലയിലെ പിഴവുകൾ
തിരുത്തുന്ന മുക്കുവർ
കരക്ക് പിടിച്ചിട്ട
ചത്ത മീൻ കണ്ണുകളേപ്പോലെ
കടലിലേക്ക് കണ്ണും 
നട്ടിരിക്കുന്നവർ

കാക്കകൾ കൂട്ടം കൂടി
കവിയരങ്ങ് നടത്തുന്നുണ്ട്
ബോറടിക്കുമ്പോൾ
തെങ്ങോലകളിലിരുന്ന്
താഴേക്ക് കാഷ്ഠിക്കുന്നുണ്ട്
മീനുമായി ഒരു ബോട്ടെങ്കിലും 
വരുന്നുണ്ടോയെന്ന് നോക്കുന്നുണ്ട്

അഴിമുഖത്ത് കായലിലേക്ക്
തള്ളിക്കയറാൻ
തിരക്ക് കൂട്ടുന്ന തിരകൾ
തിരകളുടെ മോഹിപ്പിക്കുന്ന 
രതിയിലേക്കിറങ്ങിപ്പോയവർ
തിരികെ വരുന്നവരേയും
കാത്തിരിക്കുന്ന പുലിമുട്ടിലെ
കൂറ്റൻ പാറകൾ.

ഒരടയാളവും ശേഷിപ്പിക്കാതെ
പോയവരെപ്പോഴെങ്കിലും
കയറിവരുമെന്ന്
വഴിക്കണ്ണുമായി
നോക്കിയിരിപ്പുണ്ട് 
ഹാർബറിന്റെ അങ്ങേയറ്റത്ത്
എന്നോ ഉപേക്ഷിക്കപ്പെട്ട
ഒരു  വിളക്കുമാടം.

ഒറ്റക്ക്.

28 comments:

  1. ആഹാ... രാമന്‍ തകര്‍ത്തു!!!
    നീലയും മഞ്ഞയും
    ചുവപ്പും നിറമുള്ള
    വലയിലെ പിഴവുകൾ
    തിരുത്തുന്ന മുക്കുവർ
    കരക്ക് പിടിച്ചിട്ട
    ചത്ത മീൻ കണ്ണുകളേപ്പോലെ
    കടലിലേക്ക് കണ്ണും
    നട്ടിരിക്കുന്നവർ

    ReplyDelete
  2. വിളക്കണഞ്ഞ വിളക്കുമാടങ്ങൾ വൃഥാ കാത്തിരിയ്ക്കുകയാകും. ചുക്കിച്ചുളിഞ്ഞു,ഇരുട്ടു വളരുന്നൊരിരുണ്ട മുഖം, മടിച്ചു മടിച്ചു മൂടൽ മഞ്ഞിലൂടെ തിരയുന്നു...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഒരടയാളവും ശേഷിപ്പിക്കാതെ
    പോയവരെപ്പോഴെങ്കിലും
    കയറിവരുമെന്ന്
    വഴിക്കണ്ണുമായി
    നോക്കിയിരിപ്പുണ്ട്
    ഹാർബറിന്റെ അങ്ങേയറ്റത്ത്
    എന്നോ ഉപേക്ഷിക്കപ്പെട്ട
    ഒരു വിളക്കുമാടം.

    ഒറ്റക്ക്.

    ReplyDelete
  5. അതെ ..ഒറ്റക്ക്..എന്നെന്നും

    ReplyDelete
  6. ആദ്യം നല്ല കവിതകള് വായിക്കുക സുഹൃത്തേ.കുറെ അക്ഷരങ്ങള് താഴെതാഴെ എഴുതിയാല് ഒരിക്കലും കവിതയാകില്ല.നല്ല ഭാവിയണ്ടാകും നിരാശപ്പെടരുത്....ശ്രമിക്കുക..

    ReplyDelete
    Replies
    1. ഡോക്ടർ സാർ ന്റെ അഭിപ്രായം കണ്ടു കൊള്ളാം .. പക്ഷെ രാമേട്ടന്റെ വായനയെ ചോദ്യം ചെയ്തതിലെ യുക്തി പിടി കിട്ടിയില്ല .. മാത്രമല്ല അങ്ങ് ഉദ്ദേശിക്കുന്ന തരത്തിലുള്ള കവിതയുടെ അനാട്ടമി ഒന്ന് കാണിച്ചു തന്നാൽ നന്നായിരിക്കും .. വെട്ടിക്കാടിന്റെ ദൈവം ഒഴിച്ചിട്ടയിടം എന്ന് സൈകതം ഇറക്കിയ പുസ്തകം ഉണ്ട് .. ഒന്ന് നോക്കാവുന്നതാണ് ... നല്ല വിമർശനങ്ങൾ ഉണ്ടാവട്ടെ ... വ്യക്തിപരമാവതിരിക്കട്ടെ ... ലാത്സലാം

      Delete
    2. ഇതിനായിരുന്നോ?
      -------------------------
      നാല് പേര്‍ ചേര്‍ന്ന്
      മേയുന്ന അവളുടെ
      മാറില്‍ കിടന്ന്
      സ്വര്‍ണ്ണക്കുരിശിലെ
      യേശുവിന് ശ്വാസം മുട്ടി.

      അതു കണ്ട് അതിലൊരുവന്റെ
      കൈയിലെ പച്ച കുത്തിയ
      ചെഗുവേരച്ചിത്രത്തിന്
      ചിരി പൊട്ടി.

      “ഗുവേര,
      ഞാനിന്നുമേറ്റുവാങ്ങുന്ന
      കൊടിയ പാപങ്ങളറിയാതെ-
      യാണോ നീ ചിരിക്കുന്നത്?
      ഇതിനായിരുന്നോ
      പിതാവേ..! ഞാന്‍…”

      “അറിയാതല്ല സഖാവേ,
      പുതിയ അധിനിവേശങ്ങള്‍ക്ക്
      സാക്ഷിയായി
      എനിക്കും മടുത്തിരിക്കുന്നു”.

      ഇതെല്ലാം കേട്ട്
      അവളുടെ കാലിലപ്പോഴും
      ചെരിപ്പുണ്ടായിരുന്നു.... ഇതിനായിരുന്നോ(ദൈവം ഒഴിച്ചിട്ടയിടം)

      ഇതാണ് ഞങ്ങള് രാമേട്ടന്‍ , തോടണ്ട മുറിയും

      അഡ്രസ്‌ തന്നാ ഫ്രീ ആയി ചേട്ടോ പുസ്തകം അയച്ചു തരാട്ടോ ...

      Delete
  7. ആദ്യം നല്ല കവിതകള് വായിക്കുക സുഹൃത്തേ.കുറെ അക്ഷരങ്ങള് താഴെതാഴെ എഴുതിയാല് ഒരിക്കലും കവിതയാകില്ല.നല്ല ഭാവിയണ്ടാകും നിരാശപ്പെടരുത്....ശ്രമിക്കുക..

    ReplyDelete
    Replies
    1. ഖത്തറിലെ എഴുത്തുകാരിൽ ശ്രദ്ധേയനായ കവിയാണ്‌ രാമചന്ദ്രൻ വെട്ടിക്കാട്. നല്ലൊരു വായനക്കാരനും നല്ലൊരു ഗ്രന്ഥശേഖരത്തിന്റെ ഉടമയും. രാമന്റെ മറ്റു കവിതകൾ കുറച്ചെങ്കിലും ഒന്ന് വായിച്ചു നോക്കൂ ഡോക്ടർ സുഹൃത്തേ. അതിനുശേഷം നല്ലതെന്ന് തോന്നുന്നുവെങ്കിൽ ഒരിക്കൽ കൂടി കമെന്റ് ചെയ്യൂ .

      Delete
    2. ഡോക്റ്റർ ഉദ്ദേശിച്ച നല്ല കവിതകൾ അതെഴുതിയ കവികളെ അവരുടെ അമ്മ പ്രസവിച്ചപ്പോൾ മറുപിള്ളയോടൊപ്പം പുറത്തു വന്നതല്ല.ഇതുപോലെ എഴുതിയും വായിച്ചുമൊക്കെയാണ് അവരും കവിയായത്.

      വിമർശനം ഏതൊരു എഴുത്ത്കാരനേയും വളർത്തുകയെയുള്ളൂ. പക്ഷെ ഇമ്മാതിരി വിമർശനം കരുതികൂട്ടി തളർത്താൻ ഉള്ളത് തന്നെയാണ്. സാറിനു സമയമുണ്ടെങ്കിൽ ഈ കവിതയിലെ ഒരു നാല് വരി എങ്ങിനെ നന്നാക്കി എഴുതാം എന്നൊന്ന് പറഞ്ഞു തരൂ.. അങ്ങിനെയല്ലേ ഒരാളെ തിരുത്തേണ്ടത്?

      ഒറ്റയടിക്ക് വന്നു ഇത് കവിതയല്ല എന്ന് പറഞ്ഞു പോകുന്നത് ശരിയാണോ?

      Delete
  8. കാക്കകൾ കൂട്ടം കൂടി
    കവിയരങ്ങ് നടത്തുന്നുണ്ട്
    ബോറടിക്കുമ്പോൾ
    തെങ്ങോലകളിലിരുന്ന്
    താഴേക്ക് കാഷ്ഠിക്കുന്നുണ്ട്
    :)

    ReplyDelete
  9. കാക്കകൾ കൂട്ടം കൂടി
    കവിയരങ്ങ് നടത്തുന്നുണ്ട്
    ബോറടിക്കുമ്പോൾ
    തെങ്ങോലകളിലിരുന്ന്
    താഴേക്ക് കാഷ്ഠിക്കുന്നുണ്ട് :):)

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. കൊച്ചിയിലെ ഏതോ ഒരു ഫിഷിംഗ് ഹാര്‍ബില്‍ കുറച്ചു നേരം ഇരുന്നു ഉപ്പുകാറ്റും മീന്‍ചൂരും അനുഭവിച്ചു , നന്ദി ,നല്ല കവിതയുടെ കായലോളങ്ങള്‍ക്ക് ,,,,,

    ReplyDelete
  12. നാളുകള്‍ക്ക് ശേഷം രാമന്‍ എഴുതുന്നു.
    ചിയേര്‍സ് ..!

    പിന്നെ, കവിത ഒരു പശ്ചാത്തല വിശദീകരണം പോലെ തോന്നിച്ചു.
    അല്ലെങ്കില്‍, അതുമാത്രമെന്ന്‍.
    അതിനും അപ്പുറത്തേക്ക് അവിടെ ഒരു ജീവിതം കൂടെ വേണമായിരുന്നു.
    അത് ആരുടെതുമാകാം,
    അരയാനോ അരയത്തിയോ ആരും.
    എന്നുകരുതി ഇത് മോശമെന്നല്ല.
    ചിലപ്പോള്‍ എന്റെ കുഴപ്പവാം.
    അല്ലെങ്കില്‍, രാമന് ഇങ്ങനെയല്ലാത്തെയും സാധിക്കുമെന്ന വിശ്വാസമോ ആഗ്രഹമോ ആവാം.
    എന്തായാലും കവിതകള്‍ സംഭവിക്കട്ടെ...
    പിന്നെ, രാമന്റെ ഭാഷക്ക് ഒരു ചിയേര്‍സ് കൂടെ...

    ReplyDelete
  13. നാളുകൾക്കു ശേഷം
    രാമന്റെയൊരു കവിത വായിച്ചു
    ...................

    ReplyDelete
  14. ഒരുപാടു നാളുകള്‍ക്ക്‌ ശേഷം ....സന്തോഷം

    ReplyDelete
  15. നീലയും മഞ്ഞയും
    ചുവപ്പും നിറമുള്ള
    വലയിലെ പിഴവുകൾ
    തിരുത്തുന്ന മുക്കുവർ ! <3

    ReplyDelete
  16. ജീവിതത്തില്‍ നിന്നും മരണദൂരത്തിലേക്കൊരു നോട്ടമെറിഞ്ഞ് നില്‍ക്കുന്ന വിളക്ക്മാടം.. ഒറ്റയ്ക്ക്...

    ReplyDelete
  17. ഒരടയാളവും ശേഷിപ്പിക്കാതെ
    പോയവരെപ്പോഴെങ്കിലും
    കയറിവരുമെന്ന്
    വഴിക്കണ്ണുമായി
    നോക്കിയിരിപ്പുണ്ട്
    ഹാർബറിന്റെ അങ്ങേയറ്റത്ത്
    എന്നോ ഉപേക്ഷിക്കപ്പെട്ട
    ഒരു വിളക്കുമാടം.

    ഒറ്റക്ക്.

    ReplyDelete
  18. കടലിലേക്ക് കണ്ണും
    നട്ടിരിക്കുന്നവർ ഇങ്ങനെ ഓരോ തിര മണലിലേക്ക് കൊണ്ടു വന്നിടും. മൊത്തത്തില്‍ പതയാണല്ലോ എന്ന് ആസ്വദിക്കുന്നവരെയും ഹാര്‍ബര്‍ ഇഷ്ടപ്പെടുന്നു, കൂടുതല്‍.

    ReplyDelete