പ്രിയപ്പെട്ട നീലിക്ക്,

മഹേന്ദ്രനാഥ് കെ.വി


ആ പൊളിഞ്ഞ പാലത്തിനപ്പുറത്തെ പാല ചോട്ടിൽ
തീക്ഷ്ണ ഗന്ധത്തിന്റെ വിചിത്രമായ ഏകാന്തതയിൽ നിന്ന്
നീ ഇറങ്ങി വരുമെന്നോർത്ത്
ഞാനെത്ര വട്ടം കാത്തു നിന്നിട്ടുണ്ടെന്നറിയാമൊ?

അതുമല്ലെങ്കിൽ അമ്മായിയുടെ പറമ്പിലെ കരിമ്പന ചോട്ടിൽ
പാദം ഭൂമിയിൽ പതിക്കാതെ നടക്കുന്ന
പ്രേമത്തിന്റെ വിസ്മയങ്ങളോർത്ത് 

പണ്ട് വീടിന്റെ ഇറയത്തിരുന്നു
 ഇരുട്ട് വീഴുമ്പോൾ
വാഴ ചപ്പുകൾ നീയായ് രൂപം മാറുന്നത്
ഞാൻ മാത്രം അറിഞ്ഞിരുന്നു

ആരുമറിയാതെ മുല്ലകളും മന്ദാരങ്ങളും 
വിടരുന്ന രാത്രികളിൽ
അമ്മയുടെ വയറും കെട്ടിപിടിച്ച് കണ്ണിറുക്കി
പേടിയിലേക്ക് കൂമ്പി ഞാൻ കിടക്കുമ്പോൾ
മുട്ടോളമെത്തുന്ന മുടിയിൽ നിന്ന്
ഗന്ധങ്ങളുടെ അപരിചിതമായ ഓർമകൾ വിടർത്തി
നീ വരുന്നത്
നിന്റെ മുഖത്തു നിന്ന് നിലാവ് പരക്കുന്നത്
ചെറുതായി കണ്ണു തുറന്ന് നോക്കുമ്പോൾ
ജനലിന്റെ ചതുര വടിവിൽ 
നിറം ഒരു പാട്ടായി മാറുന്നത്
പ്രേമത്തിന്റെ കൊടും ശൈത്യത്തിൽ
ഇല പച്ചകൾ പനിച്ച് വിറക്കുന്നത്
ഓരിയിടലുകളുടെ മൂർച്ചകൾ
എന്റെ നിശബ്ദതയെ രാകി മുറിക്കുന്നത്
എല്ലാം ഞാൻ ഓർക്കുന്നു

ഹാ നിന്റെ വേദന നിന്റെ വേദന
എനിക്കു ചുറ്റും വളർന്ന് തഴച്ചു കൊണ്ടിരുന്നു
എന്റെ സ്വകാര്യതകൾ നിന്റെ ദേശങ്ങളായി
കത്തുന്ന എന്റെ ഒറ്റ മുറിയുടെ ഏകാന്തത
അപരിചിത സാന്നിദ്ധ്യങ്ങളുടെ ഹൈപ്പർ ലിങ്കുകളായി
എന്റെ ചുവപ്പുകൾ തിളക്കുന്നത് ഇപ്പോൾ
നിന്റെ കാമത്തിന്റെ ഒടുക്കത്തെ ഊഷ്മാവിലാണ്

പതുങ്ങലുകൾ ഒളിപ്പിച്ചു വെച്ച
പൗർണമി രാവിലെ വെള്ളിയാഴ്ചകൾ ഇപ്പോൾ
നിന്നിലേക്ക് വഴി തെറ്റി കൊണ്ടിരിക്കുന്നു

വീട്ടിലേക്ക് നീളുന്ന ആ കറുത്ത റോഡ്
നീ അഴിച്ചിട്ട നിന്റെ മുടിക്കെട്ടല്ലാതെ മറ്റെന്താണ് ?

ഭൂമിയോളം പഴക്കമുള്ള നിന്റെ ഒറ്റപ്പെടലിന്റെ
കരിമ്പന കൊട്ടാരത്തിലേക്ക് ഞാനിന്നു വരുന്നു
അത്ഭുതങ്ങളൊന്നും സംഭവിക്കാത്ത ഈ ഭൂമിയെ മടുത്ത്
പെരും നുണകളുടെ അയഥാർത്ഥ ഭൂമിയിലേക്ക് ഞാൻ വരുന്നു
സ്വപ്നത്തിന്റെ ചുണ്ണാമ്പു തേച്ച് മുറുക്കി ചുവപ്പിച്ച
നിന്റെ ചുണ്ടുകളിൽ
എന്റെ ഉമ്മകളിന്ന് ദേശാടനക്കിളികളാകും
ഉറഞ്ഞ കാത്തിരുപ്പുകൾ മഞ്ഞിൻ തുള്ളികളായ് പെയ്യുമ്പോൾ
രാക്കാറ്റുകൾ കഥയുടെ ചിറകടിച്ചു പറക്കുമ്പോൾ
എന്റെ ചുവപ്പിന്റെ ഋതുക്കളിൽ നിന്റെ അഹങ്കാരത്തിന്റെ
അത്ഭുതങ്ങൾ പൂത്തു നിൽക്കും
എല്ലാം കഴിയുമ്പോൾ കരിമ്പന ചോട്ടിൽ
അവർക്കു കാണാൻ എന്റെ രോമം പോലും
ബാക്കി വെക്കരുതേ..പുല്ലന്മാർ.

2 comments:

  1. അത്ഭുതങ്ങളൊന്നും സംഭവിക്കാത്ത ഈ ഭൂമിയെ മടുപ്പില്‍ നിന്ന് വീണ്ടെടുക്കാനുള്ള സ്വപ്നയാത്രയെ കൌതുകത്തോടെങ്കിലും വായിക്കാത്ത അരസികേഷു കിമുത്തരം ? അവര്‍ക്കു കാണാന്‍ രോമം പോലും ബാക്കി വെയ്ക്കരുതേ..പുല്ലന്മാര്‍...

    ReplyDelete
  2. നിന്റെ ചുണ്ടുകളിൽ
    എന്റെ ഉമ്മകളിന്ന് ദേശാടനക്കിളികളാകും :)

    ReplyDelete