എന്റെ ഭാഷയിൽ മാത്രം എഴുതാനും വായിക്കാനും കഴിയുന്ന മൂന്ന് രാഷ്ട്രീയ കുസൃതിക്കവിതകൾ

സനല്‍ ശശിധരന്‍

 

 

 

 

 

 

 

 

 

 

 

1. ബസു വന്നില്ല 

 
ജയിൽ ചാടി റോഡുവക്കിൽ കാത്തിരുന്ന
ഒരു ചുവപ്പൻ സന്ധ്യ,
ബസുവരും ബസുവരും
എന്ന് അടിയുറച്ചു വിശ്വസിച്ചു! 
ഇരുട്ടിൽ ഒളിവുകാലത്തെ ഓർമകൾ ജപിച്ചുകൊണ്ട്
അത് അവസാന ബസു വരാൻ കാത്തിരുന്നു.
ബസു വന്നില്ല!
ക്ഷമകെട്ട സന്ധ്യ നിറം മാറി,
മുഖം മാറി, പാർട്ടിമാറി.. 
എന്നിട്ടും ഒടുവിൽ പിടിയിലായി 
ജയിലിലേക്ക് യാത്രയായി.
ബസു വന്നിരുന്നെങ്കിൽ, 
ഒരു സന്ധ്യയെങ്കിലും കുതറിനോക്കിയേനെ.
ഈവഴിയിനി ബസു വരില്ലായിരിക്കും...
 
 
 

 2. പുറം മോടി-അകം മോഡി 

 
 
പുറംമോടിയിലാണ് 
അകം മോഡിയുടെ വിജയം
പുറംമോടിയുണ്ടെങ്കിൽ 
അകം മോഡിയെക്കുറിച്ച് ആരും വ്യാകുലപ്പെടാറില്ലെന്ന്
ഏത് ബീഡിക്കച്ചവടക്കാരനും അറിയാം
വെടിപ്പോടെ നിറപ്പകിട്ടോടെ 
മേനിക്കടലാസിൽ പൊതിഞ്ഞെടുത്താൽ മതി
ഏതു വിഷവും സമ്മാനപ്പൊതിയാവും
എല്ലാ സമ്മാനങ്ങളും ഏറ്റുവാങ്ങപ്പെടും
എല്ലാ ഏറ്റുവാങ്ങലുകളും ചുമന്നു നടക്കപ്പെടും
എല്ലാ ചുമന്നു നടക്കലുകളുടേയും രഹസ്യം പുറം മോടികളാണത്രേ 
 
 

3. വാറുണ്ണി ഓണമുണ്ണില്ല 

 
 
വാറുണ്ണിയോട്
ഓണമുണ്ണാൻ പറഞ്ഞു
അവൻ കേട്ടില്ല
അവന്റെ വിശപ്പ് വേറെയാണല്ലോ
പപ്പടം അവൻ പരിചയായി സങ്കൽപ്പിക്കും
ബലം പോര എന്ന് കലഹിക്കും
പഴം വാളുപോലെയാണത്രേ അവന്
പഴം കൊണ്ട് ഒരു വാഴക്കൊലപോലും പോരില്ലത്രെ
പായസം കണ്ടാൽ വയറിളകിത്തൂറിയ പോലാണത്രെ 
അവന്റെ രുചികൾ വേറെയാണല്ലോ
വാറുണ്ണി ഓണമുണ്ടില്ല
അവൻ പിന്നെ എന്താണുണ്ണുക
വാറുണ്ണി ഉണർന്നെണീൽക്കുന്നു
വാറുണ്ണിയ്ക്ക് വിശക്കുന്നുണ്ടാവും
അവൻ എന്തിനുള്ള പുറപ്പാടാണ്
വാറുണ്ണീ വാറുണ്ണീ

3 comments:

  1. ഒടുവിൽ പിടിയിലായ സന്ധ്യേ.....

    ReplyDelete
  2. ബസു (എന്ന ബെംഗാളി) വന്നില്ല, ബസ്സ് വന്നില്ല എന്നും വായിക്കണമായിരിക്കും.

    ReplyDelete